മുപ്പത് വർഷത്തെ സേവനത്തിന് ശേഷം പെരിയാർ ടൈഗർ റിസർവിൽ നിന്നും വിരമിച്ച ഇ.ഡി.സി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി
ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനുമാണ് സർവീസിൽ നിന്ന് വിരമിച്ചത്
തേക്കടി: പെരിയാർ ടൈഗർ റിസർവ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) രൂപീകരിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച എക്സ്-വയൺ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനും സർവീസിൽ നിന്ന് വിരമിച്ചു. വനസംരക്ഷണ മേഖലയിലും ഇക്കോ ടൂറിസം രംഗത്തും മൂന്ന് ദശാബ്ദത്തിലേറെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് ഇരുവരും ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.
പെരിയാർ വന്യജീവി സങ്കേതത്തിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ടൈഗർ ട്രയൽ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. വനത്തെ അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും വനസംരക്ഷണത്തോടുള്ള സമർപ്പണവും സഹപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രചോദനമായിരുന്നു.
വിരമിച്ച ഇരുവരെയും പെരിയാർ ടൈഗർ റിസർവ്വിന്റെയും ഇ.ഡി.സിയുടെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രേംജിത് ലാൽ, ഇ.ഡി.സി ചെയർമാൻ സി.സി തോമസ്, സെക്രട്ടറി സൂരജ് ലാൽ കെ.എസ് എന്നിവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


