ഹെലിബറിയ ടീ കമ്പനി തോട്ടം പൂട്ടി; 500 ൽ പരം തൊഴിലാളികൾ വഴിയാധാരമായി

ഹെലിബറിയ ടീ കമ്പനി തോട്ടം പൂട്ടി; 500 ൽ പരം തൊഴിലാളികൾ വഴിയാധാരമായി

പീരുമേട് ∙ ഏലപ്പാറയിലെ ഹെലിബറിയ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം പൂട്ടിയതിനെ തുടർന്ന് 500-ത്തിലധികം തൊഴിലാളികൾ വഴിയാധാരമായി. നൂറുകണക്കിന് തൊഴിലാളികളുടെ മാസങ്ങളായ വേതന കുടിശ്ശിക അടക്കം നിലനിൽക്കെയായിരുന്നു ഉടമസ്ഥർ സ്ഥലം വിട്ടത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ നാല് മാസമായി കമ്പനി ശമ്പളം നൽകാതെ വന്നിരുന്നു. കുടിശ്ശിക ചോദിക്കാൻ വെള്ളിയാഴ്ച തൊഴിലാളികൾ മാനേജരുടെ ഓഫീസിൽ എത്തി. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ മാനേജ്മെന്റ് തോട്ടം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും ഉടനെ ശമ്പളം നൽകാൻ സാധിക്കില്ലെന്നും അറിയിച്ചു. വൈകുന്നേരത്തോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ തോട്ടം പൂട്ടുകയായിരുന്നു.

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 500-ത്തിലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ 58 മാസമായി തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് കമ്പനി അടച്ചിട്ടില്ല. പെൻഷൻ ലഭിക്കുന്നവർക്കുള്ള പി.എഫ്. തുകയും കുടിശ്ശികയിലാണ്. സഹകരണ ബാങ്കുകളിൽ നിന്ന് തൊഴിലാളികൾ എടുത്ത വായ്പകളുടെ അടവ് ശമ്പളത്തിൽ നിന്ന് പിടിച്ച് ബാങ്കിൽ അടയ്ക്കുന്നതും മാസങ്ങളായി മുടങ്ങി.

തോട്ടം പൂട്ടിയതിനെ തുടർന്ന് നാല് ഡിവിഷനുകളിലെ തൊഴിലാളികൾ ചേർന്ന് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട് .ഇന്ന് ഏലപ്പാറയിൽ സി.ഐ.ടി.യു.യുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തുകയും ചെയ്തു.