മലയോരഹൈവെ നിർമാണത്തില്‍ വൻ ക്രമക്കേടെന്ന് ആരോപണം
പരപ്പില്‍ വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കാതെ ടാറിങ് നടത്തിയെന്നാണ് ആരോപണം
മലയോര ഹൈവേയിലെ അഴിമതി ആരോപണം ശക്തം
മഴവെള്ളത്തില്‍ ടാറിങ് നടത്തിയതടക്കം നിരവധി ക്രമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പരപ്പ് റോഡിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം റോഡിലൂടെ ഒഴുകുന്ന സാഹചര്യത്തിലും, റോഡിലെ വെള്ളക്കെട്ട് മാറ്റാതെയും ടാറിങ് നടത്തിയെന്നതാണ് പ്രധാന പരാതി. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയ നാട്ടുകാരോട് കരാറുകാരന്റെ ജീവനക്കാർ ആക്രമണശ്രമം നടത്തിയെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ കരാറുകാരനെ ന്യായീകരിച്ചുവെന്ന നിലപാട് നാട്ടുകാരെ കൂടുതൽ അസന്തുഷ്ടരാക്കി. റോഡിന്റെ രണ്ടാം റീച്ച് നിർമാണം ആരംഭിച്ചതുമുതൽ ക്രമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും, കലുങ്ക് ആവശ്യമായിടത്ത് പുതിയത് പണിയാതെ പഴയത് ചെറിയ അറ്റകുറ്റപ്പണി നടത്തുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും അടിയന്തിരമായി ഇടപെട്ട് കരാറുകാരനെ നിലക്ക് നിർത്തുകയും അഴിമതി അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





