കട്ടപ്പന–കമ്പം തുരങ്ക പാത : സാദ്ധ്യതാ പഠനം നടത്തും
കട്ടപ്പന–കമ്ബം തുരങ്കപാതയുടെ സാധ്യതാ പഠനം നടത്താൻ തീരുമാനമായി. കാൽവരിമൗണ്ടിൽ നടന്ന നവ ഇടുക്കി പുതുവഴികൾ സെമിനാറിലാണ് തീരുമാനം. മുൻ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് ആശയം മുന്നോട്ടുവന്നത്. ഇപ്പോഴത്തെ 40 കിലോമീറ്റർ ദൂരം 12 കിലോമീറ്ററായി ചുരുക്കാൻ കഴിയും. വയനാട് മാതൃകയിൽ ഭൂഗർഭപാത നിർമ്മിച്ചാൽ ഹൈറേഞ്ച്, ശബരിമല തീർത്ഥാടകർ, തമിഴ്നാട് വിനോദസഞ്ചാരികൾ തുടങ്ങി നിരവധി പേർക്ക് ഗതാഗതസൗകര്യം മെച്ചപ്പെടും.
ജില്ലാ വികസനത്തിന് വൻ സാധ്യതകൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം ഗ്രീൻ വാലി ടൂറിസം കമ്പനി നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് രക്ഷാധികാരി, റോമിയോ സെബാസ്റ്റ്യൻ ഉപരക്ഷാധികാരി, ജയിൻ അഗസ്റ്റിൻ ചെയർമാൻ, സിബി കൊല്ലംകുടിയിൽ സെക്രട്ടറി. പദ്ധതി രൂപരേഖയുമായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, റെയിൽവേ മന്ത്രി എന്നിവരെ കാണാൻ തീരുമാനിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 870 മീറ്റർ ഉയരത്തിലുള്ള കട്ടപ്പനയും 490 മീറ്റർ ഉയരത്തിലുള്ള കമ്ബവും തമ്മിലുള്ള 270 മീറ്റർ ഉയരവ്യത്യാസം തുരങ്കപാത നിർമ്മാണത്തിന് അനുകൂലമാണ്. അന്തർദേശീയ മാനദണ്ഡപ്രകാരം പരമാവധി ചരിവ് 5 മീറ്ററാകുമ്പോൾ, നിർദേശിച്ച പാതയ്ക്ക് 2.25 മീറ്റർ മാത്രമേ ഉണ്ടാവൂ. പദ്ധതി യാഥാർത്ഥ്യമാകുകയാണെങ്കിൽ ഡിണ്ടിക്കൽ–തേനി–കുമളി നാലുവരിപ്പാതയിലേക്ക് 12 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും.





