ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും : പ്രഖ്യാപനവുമായി മന്ത്രി
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
അമീബിക് മസ്തിഷ്ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ജനകീയ ക്യാമ്ബെയ്ൻ ആരംഭിക്കുന്നു.
ഓഗസ്റ്റ് 30, 31 ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവൻ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം.
സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്ബയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും.






