യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്- സുകുമാരൻ നായര്‍
സ്വന്തം ലേഖകൻ :-
പെരുന്ന | റിപ്പോർട്ട്
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.
മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ രാഷ്ട്രീയമായി കരുവാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്ന ചില രാഷ്ട്രീയ പാർട്ടികൾ, എൻ.എസ്.എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന് പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ലെന്നും, സമുദായ അംഗങ്ങൾക്ക് അവരുടെ താൽപ്പര്യപ്രകാരം രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരുമായി എൻ.എസ്.എസ് അടുക്കുന്നു എന്ന സൂചനകൾ സമുദായത്തിനുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഇടങ്ങളിൽ ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശബരിമല വിഷയത്തിലെ നിലപാട് വീണ്ടും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സുകുമാരൻ നായർ ആവർത്തിച്ചു


