മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വൈകുണ്ഠിൽ നടത്തും. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഗാഡ്ഗിൽ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് രാജ്യവ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പഠനത്തിന് നേതൃത്വം നൽകി. ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ഗാഡ്ഗിൽ നൽകിയ സംഭാവനകൾ ഇന്ത്യൻ ശാസ്ത്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.
2011ൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയതാണ് ഗാഡ്ഗിൽ റിപ്പോർട്ട്. പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഖനനവും വൻകിട നിർമ്മാണങ്ങളും നിയന്ത്രിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തിരുന്നു. കേരളത്തിലെ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ ഈ റിപ്പോർട്ട് ഇന്നും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നു.






