മകരവിളക്ക് മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

മകരവിളക്ക് മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ശബരിമല എ.ഡി.എം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മകരവിളക്ക് ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് യോഗത്തില്‍ അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 13ന് 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടും. മകരവിളക്ക് ദിനമായ 14ന് 30,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴിയും പ്രവേശിക്കും. ജനുവരി 15 മുതല്‍ 18 വരെ ദിവസങ്ങളില്‍ 50,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴിയും അനുവദിക്കും. 19ന് 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും പ്രവേശിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4

തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്തില്‍ നിന്ന് ആരംഭിച്ച് 14ന് സന്നിധാനത്തെത്തും. ഘോഷയാത്ര നടക്കുന്ന ദിവസങ്ങളില്‍ നിലയ്ക്കല്‍, പമ്പ, കാനനപാതകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് സമയപരിധിയോടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിക്കുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രം അനുമതി നല്‍കുകയും ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

സുരക്ഷയ്ക്കായി വിശദമായ ക്രൗഡ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുന്നതോടൊപ്പം കേന്ദ്രസേനയായ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സംഘങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്തരെ തിരികെ എത്തിക്കുന്നതിനായി ആയിരത്തോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും.

വനപ്രദേശങ്ങളില്‍ കുടിലുകള്‍ കെട്ടുന്നതും അനധികൃത പാചകവും കര്‍ശനമായി നിരോധിച്ചതായും സംയുക്ത പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ വ്യൂ പോയിന്റുകളിലും മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഭക്തര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എ.ഡി.എം അറിയിച്ചു. യോഗത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുജിത്ത് ദാസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജോസഫ് സ്റ്റീഫന്‍ റോബിന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.