64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

കൗമാര കലയുടെ മഹാപൂരമായ 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. തൃശൂരിലെ തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു.

മന്ത്രി കെ. രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി വി. ശിവൻകുട്ടി, സിനിമയിലെ നായിക റിയ ഷിബു എന്നിവരടക്കം നിരവധി പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്റെ കൊടി ഉയർത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്ഘാടന വേദിയിലെത്തി.

Slide 1
Slide 2
Slide 3
Slide 4

കലയുടെ ധർമ്മം ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ലെന്നും, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് സമൂഹത്തെ ഞെട്ടിച്ചുണർത്തുന്നതും കലയുടെ കടമയാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓരോ കാലഘട്ടത്തിലും മഹത്തായ കലാകാരന്മാർ ഉണ്ടായിട്ടും ജാതീയതയുടെ പേരിൽ അവഗണിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഥകളി സംഗീതജ്ഞൻ ഹൈദരാലിക്ക് നേരിട്ട വിവേചനങ്ങളും അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഒരു വ്യക്തി തനിക്കേതല്ലാത്ത കാരണങ്ങളാൽ മറ്റൊരു മതത്തിൽ ജനിച്ചതിന്റെ പേരിൽ വിലക്കുകൾ ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്; കല തന്നെയാണ് അവരുടെ മതം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഊന്നൽ. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്കരനാണെന്നും, ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ശബ്ദം നൽകിയതിൽ വയലാറിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കരോളുകൾക്കെതിരായ ആക്രമണങ്ങളും ചിലയിടങ്ങളിൽ അവധി പോലും ഒഴിവാക്കിയ സംഭവങ്ങളും സമൂഹത്തിന് അപകടകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഏത് മതത്തിന്റെയും കലാരൂപങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്ന സവിശേഷത ഈ നാടിനുണ്ടെന്നും, മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളഞ്ഞ് എല്ലാവരെയും ഒന്നിപ്പിക്കുന്ന കലയെ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മത്സരങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഒരു മത്സരവും ആരുടെയും ആത്യന്തികമായ അളവുകോൽ അല്ല. പ്രകടമായ ക്രമക്കേടുകൾ ഉണ്ടായാൽ അപ്പീൽ മാർഗം പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണെന്നും, രക്ഷിതാക്കൾ അല്ലെന്നും ഓർമിപ്പിച്ച അദ്ദേഹം ജൂറിയുടെ തീരുമാനത്തെ അതേ കണ്ണോടെ കാണണമെന്നും പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി പാണ്ടിമേളം അരങ്ങേറി. 250 ഇനങ്ങളിലായി 15,000-ത്തോളം കൗമാര പ്രതിഭകൾ 25 വേദികളിലായി മാറ്റുരക്കും. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.