സര്‍പ്രൈസ് പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് മന്ത്രിയുടെ സൂചന.
ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസമെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുമെന്നാണ് സൂചന.
അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ചുവർഷത്തിനിടെ സാമ്പത്തിക രംഗത്ത് ആശാവഹമായ മാറ്റമുണ്ടായെന്നും കടമെടുപ്പ് നിരക്കിൽ കുറവുണ്ടായെന്നും ധനമന്ത്രി പ്രതികരിച്ചു. സർക്കാർ ജീവനക്കാരോട് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തിന്റെ വരുമാനവും ചെലവും കടവും വർധിച്ചതായി 2024-25 സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ഉത്പാദന വളർച്ച മുൻവർഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞതും സാമ്പത്തിക വെല്ലുവിളികൾ ശക്തമാണെന്ന സൂചന നൽകുന്നു.






