കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്ട് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു
സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ഇതിനകം 40 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്ട് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലയിലെ കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് പുതിയ സബ് ഡിവിഷന്‍ ഓഫീസ് നിര്‍മിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനോടു ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇടുക്കി സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍.ആര്‍. ഹരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മുത്തുകുമാര്‍, പഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി എന്നിവര്‍ പ്രസംഗിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാകുന്ന ജലവിതരണ പദ്ധതികള്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി മൂന്നാര്‍ കേന്ദ്രമാക്കി ഇരുനിലകളിലായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. വിദൂര പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനായി 75 ലക്ഷം രൂപ വിനിയോഗിച്ചു.
മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച് ദേവികുളം, ചിന്നക്കനാല്‍, മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകള്‍ക്കും, മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അടിമാലി, പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകള്‍ക്കും, പൊന്മുടി ഡാം കേന്ദ്രീകരിച്ച് രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി പഞ്ചായത്തുകള്‍ക്കും, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ സബ് ഡിവിഷന്‍ ഓഫീസിലൂടെ മേല്‍നോട്ടം വഹിക്കാന്‍ സാധിക്കും.






