കോലിയുടെ ചരിത്ര റെക്കോർഡിനൊപ്പം സഞ്ജു; വെടിക്കെട്ട് ഫിഫ്റ്റിയോടെ വാംഖഡെയിൽ അപൂർവ നേട്ടം
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റൺസ് വിജയ ലക്ഷ്യം
സഞ്ജു സാംസൺ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ച് അപൂർവ റെക്കോർഡ് സ്വന്തമാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മലയാളി താരം ഈ നേട്ടം കൈവരിച്ചത്.
ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിനൊപ്പമാണ് സഞ്ജു എത്തിയത്. 2016ൽ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിഫൈനലിൽ വിരാട് കോലി നേടിയ 89 റൺസിന്റെ റെക്കോർഡിനോടാണ് സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം ഒപ്പമെത്തിയത്.
ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരങ്ങളിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറുമാണ് സഞ്ജു നേടിയ 89 റൺസ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റൺസ് നേടിയ ഫിൻ അലൻ പട്ടികയിൽ ഒന്നാമതാണ്.
2009ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ തിലകരത്ന ദില്ശൻ നേടിയ 96 റൺസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 89 റൺസുമായി വിരാട് കോലിയും സഞ്ജു സാംസണുമാണ്. 2022ലെ ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ അലക്സ് ഹെയ്സ് നേടിയ 86 റൺസാണ് സഞ്ജുവിന് പിന്നിൽ അഞ്ചാം സ്ഥാനത്ത്.
മികച്ച ബാറ്റിംഗ് പ്രകടനത്തോടെ ടീമിനെ സെമിഫൈനലിൽ ശക്തമായ നിലയിലേക്ക് എത്തിച്ചതിനൊപ്പം, ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു





