പീരുമേട് നില നിർത്താൻ സിപിഐ..നിർണ്ണായക യോഗങ്ങൾ നാളെ കട്ടപ്പനയിൽ
സ്വന്തം ലേഖകൻ.
ഇടുക്കി :-പീരുമേട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായുള്ള സിപിഐയുടെ സുപ്രധാന യോഗങ്ങൾ നാളെ കട്ടപ്പനയിൽ നടക്കും. രാവിലെ 11-ന് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തോടെയാകും ചർച്ചകൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ യോഗങ്ങളും ചേരും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷ്റഫ്, എക്സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും.
നിയോജകമണ്ഡലം കമ്മിറ്റിയിൽ ഉയരുന്ന പേരുകൾ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യും. കൂടുതൽ പേരുകൾ ഉയർന്നുവരികയാണെങ്കിൽ മൂന്നംഗ പാനൽ സംസ്ഥാന നേതൃത്വത്തിന് കൈമാറാനാണ് തീരുമാനം. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകണമെങ്കിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക ഇളവ് ആവശ്യമാണ്. നിലവിൽ അത്തരം ഇളവുകൾ ഇല്ലാത്തതിനാൽ ഇ.എസ്. ബിജിമോളുടെ പേര് നിർദ്ദേശിക്കാൻ കഴിയില്ല. ജില്ലാ കൗൺസിൽ നൽകുന്ന പാനൽ മാർച്ച് എട്ടിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചർച്ച ചെയ്ത ശേഷമാകും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.





