നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി; തൊഴിൽ വകുപ്പ് ഉത്തരവിറക്കി

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി; തൊഴിൽ വകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ പരിഷ്‌കരിച്ചു. ഇനി മുതൽ നഴ്‌സുമാർക്ക് കുറഞ്ഞത് 28,000 രൂപ അടിസ്ഥാന ശമ്പളമായി നൽകണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു. ഇതിന് പുറമെ പ്രത്യേക അലവൻസുകളും നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

800-ൽ കൂടുതലായി കിടക്കകളുള്ള ആശുപത്രികളിൽ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായിരിക്കും.

തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദേശം ആയിരത്തോളം നഴ്‌സുമാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ജീവിതച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കാലാനുസൃതമായി ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.

നഴ്‌സുമാരുടെ സമരത്തിന് പിന്നാലെ, ഉത്തരവ് പുറത്തിറങ്ങിയാൽ തങ്ങളുടെ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തുമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയുടെ സിഇഒ ഫർഹാൻ യാസിൻ പ്രതികരിച്ചിരുന്നു. മാനവീയം വീഥിയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നഴ്‌സുമാർ രാവും പകലും രോഗികളുടെ സേവനത്തിനായി പ്രവർത്തിക്കുന്നവരാണെന്നും അവരുടെ ആവശ്യങ്ങളെ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പിലാക്കുക, രോഗി–നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക, പിഎസ്‌സി വഴി സ്ഥിര നിയമനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) മുന്നോട്ട് വെച്ചിട്ടുണ്ട്.