മുല്ലപ്പെരിയാർ : രാഹുല്‍ ഗാന്ധിക്ക് നിവേദനം നൽകി സമരസമിതി
പീരുമേട്: കഴിഞ്ഞ 20 വർഷമായി മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനായി സമരങ്ങളും കോടതി വ്യവഹാരങ്ങളും നടത്തി വരുന്നതായി മുല്ലപ്പെരിയാർ സമരസമിതി അറിയിച്ചു. തീരദേശ നിവാസികളുടെ ആശങ്കകൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നേതാക്കൾ വിശദീകരിച്ചു.
1886-ൽ നിർമ്മിച്ച കാലപ്പഴക്കമുള്ള ഡാം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന വിലയിരുത്തുന്നതിനായി സുപ്രീം കോടതിയിൽ നൽകിയ വിധി അടിയന്തരമായി നടപ്പാക്കണമെന്നും, തമിഴ്നാടും കേരളവും തമ്മിൽ അനുരഞ്ജന ചർച്ചകൾക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
“കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും” എന്നതാണ് മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.
K. C. വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസിന്റെയും സാന്നിധ്യത്തിൽ മുല്ലപ്പെരിയാർ സമരസമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ, ചെയർമാൻ ഷാജി പി. ജോസഫ്, ജനറൽ കൺവീനർ സിബി ജോസഫ്, ലീഗൽ അഡ്വൈസർ അഡ്വ. സ്റ്റീഫൻ ഐസക്, പി.ആർ.ഒ ഷിനോജ്, അംഗങ്ങളായ ജേക്കബ് പനന്താനം, ജോബിൻ തോമസ് എന്നിവർ ചേർന്ന് പീരുമേട്ടിൽ എത്തി രാഹുല്‍ ഗാന്ധിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.





