ആരോഗ്യ-കായിക മേഖലയ്ക്ക് ഊന്നൽ നൽകി കട്ടപ്പന നഗരസഭാ ബജറ്റ്
കട്ടപ്പന: ആരോഗ്യവും കായിക മേഖലയുമാണ് പ്രധാന പരിഗണനയായി കട്ടപ്പന നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചത്. കായിക മേഖലയ്ക്ക് ഊന്നൽ നൽകി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി.
കായികക്ഷമതയുള്ള യുവതലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി സ്ഥലം വാങ്ങുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.
കട്ടപ്പന താലൂക്ക് ആശുപത്രിയെ ഘട്ടംഘട്ടമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതിനായി രണ്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
81,43,79,600 രൂപ വരവും 67,95,46,600 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ:
കല്യാണത്തണ്ട് ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപ, ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ 50 ലക്ഷം രൂപ, കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൾട്ടിലെവൽ പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഒരു കോടി രൂപ, സംരംഭകർക്കായി ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാൻ 50 ലക്ഷം രൂപ എന്നിവ വകയിരുത്തി. കമ്പംമെട്ട്–തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു.
മറ്റ് നിർദേശങ്ങൾ:
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും 50.75 ലക്ഷം രൂപ ചെലവിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. കട്ടപ്പന നഗരത്തിൽ 40 ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റുകളും സ്ഥാപിക്കും. വളം-കീടനാശിനി വിതരണം 20 ലക്ഷം, ഫലവൃക്ഷത്തൈ വിതരണം 30 ലക്ഷം, വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷിക്ക് 5 ലക്ഷം, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് 20 ലക്ഷം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 20 ലക്ഷം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി.
ബയോ ബിൻ വിതരണം 40 ലക്ഷം, മാലിന്യ സംസ്കരണത്തിന് എം.സി.എഫ്/ആർ.ആർ.എഫ് പദ്ധതിക്ക് 50 ലക്ഷം, ക്രഡായി മാതൃകയിൽ കമ്പോസ്റ്റിങ് പദ്ധതിക്ക് 10 ലക്ഷം, പട്ടികജാതി-വർഗ വികസനത്തിന് 1.17 കോടി, വയോജന പാർക്ക് നിർമ്മിക്കാൻ 20 ലക്ഷം, താലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ 20 ലക്ഷം, ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകൾക്കായി 42 ലക്ഷം രൂപ എന്നിവയും ബജറ്റിൽ വകയിരുത്തി.
വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 10.8 ലക്ഷം രൂപ സബ്സിഡി, വനിതകൾക്ക് ഓട്ടോറിക്ഷ പദ്ധതിക്ക് 9.6 ലക്ഷം രൂപ, ഷീ ലോഡ്ജ് പദ്ധതിക്ക് 30 ലക്ഷം രൂപ, ഉന്നതികളിലെ വീടുകളുടെ നവീകരണത്തിന് 19.5 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





