പാചകവാതക നിയന്ത്രണം ഹൈറേഞ്ചിനെ പട്ടിണിയിലാക്കും: ഡീൻ കുര്യാക്കോസ് എം.പി
45 ദിവസത്തെ നിയന്ത്രണം നീക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തില് അദ്ദേഹം ചൂണ്ടിക്കാട്ടി
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു.
ഗ്രാമീണ–മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ എം.പി. ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലും ഈ നിയന്ത്രണം മൂലം വലിയ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. വിറകിന് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ഒരു സിലിണ്ടർ കൊണ്ട് 45 ദിവസം കുടുംബം മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ സിലിണ്ടറുകൾക്ക് 80 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും എം.പി. ആരോപിച്ചു.
ഇടുക്കിയെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി 45 ദിവസത്തെ നിയന്ത്രണം 25 ദിവസമായി കുറയ്ക്കുകയും വാണിജ്യ സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനോട് എം.പി. ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





