സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; പീക്ക് ലോഡിൽ സർവകാല റെക്കോർഡ്
തിരുവനന്തപുരം: കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും പീക്ക് ലോഡ് സമയത്ത് സർവകാല റെക്കോർഡ് പുതുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 10.30 മുതൽ 11 വരെ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡ്. എന്നാൽ വ്യാഴാഴ്ച ഈ റെക്കോർഡ് മറികടന്ന് 5,836 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി.
2024 മേയ് 2-ന് രേഖപ്പെടുത്തിയ 5,797 മെഗാവാട്ട് ആയിരുന്നു ഇതിന് മുൻപ് പീക്ക് ലോഡ് സമയത്തെ ഉയർന്ന ഉപയോഗം. എന്നാൽ ഇപ്പോഴത്തെ കനത്ത ചൂട് മൂലം ഉപഭോഗം ദിനംപ്രതി വർധിച്ചുവരികയാണ്.
ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 109.103 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിൽ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് ലഭിച്ചതും 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചതുമാണ്. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
വൈദ്യുതി ഉപഭോഗം കൂടുന്നതിനുള്ള പ്രധാന കാരണം എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങളുടെ വ്യാപക ഉപയോഗമാണ്. വൈകുന്നേരം 6 മുതൽ രാത്രി 11 വരെയാണ് പീക്ക് സമയം.
സംസ്ഥാനത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. പവർകട്ട് ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, എ.സി. താപനില ക്രമീകരിക്കണമെന്നും, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ പകൽ സമയത്ത് ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകി.






