വിരല്‍ത്തുമ്പിലെ ജനാധിപത്യം: തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി

വിരല്‍ത്തുമ്പിലെ ജനാധിപത്യം: തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി

കുടുംബശ്രീ, സ്വീപ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടകപര്യടനം ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഏപ്രില്‍ 7 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങേറും.

Slide 1
Slide 2
Slide 3
Slide 4

ഇന്നലെ കുമളി ഗ്രാമപഞ്ചായത്തിലെ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളില്‍ നാടകം അരങ്ങേറും.

Slide 1
Slide 2
Slide 3
Slide 4

ഏപ്രില്‍ 5ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും, 6ന് വട്ടവട ഗ്രാമപഞ്ചായത്തിലെ വട്ടവട ബസ് സ്റ്റാന്‍ഡ്, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും, 7ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മറയൂര്‍ ടൗണ്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലുമാണ് നാടകം സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുക, വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം, വി.വി പാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘വിരല്‍ത്തുമ്പിലെ ജനാധിപത്യം’ എന്ന നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുടുംബശ്രീയുടെ കലാസമിതി രംഗശ്രീ ഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവര്‍ അഭിനേതാക്കളാണ്.