വാഗമൺ ചില്ലുപാലം അടഞ്ഞിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തമാകുന്നു
ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വാഗമണ്ണിലെ ചില്ലുപാലം മൂന്ന് മാസമായി അടഞ്ഞുകിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാപരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താത്കാലികമായി അടച്ച പാലം ഇതുവരെ തുറക്കാത്തതിൽ സന്ദർശകരും പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിക്കുന്നു.
മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാനുള്ള നടപടികൾ പുരോഗമിക്കാത്തത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു ആദ്യം അധികൃതർ നൽകിയിരുന്ന വിവരം. എന്നാൽ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളുകയാണ്.
ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ച് ഏകദേശം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിലെ മുഖ്യ ആകർഷണമായതിനാൽ ദൂരപ്രദേശങ്ങളിൽ നിന്നുപോലും വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.
ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ സന്ദർശകരുടെ തിരക്ക് തുടരുന്നതിനിടെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത് ടൂറിസം വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.






