വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്നു അധ്യാപകനെ ആക്രമിച്ചതായി പരാതി
ചെറുതോണി: വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.
കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് മദ്യലഹരിയിൽ വീട്ടിലെത്തി മർദ്ദിച്ചന്നാണ് പരാതി.
സംഭവസമയം അധ്യാപകന്റെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ അധ്യാപകൻ ശാസിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ആണ് സംഭവത്തിന് കാരണമായതെന്നാണ് ലഭ്യമായ വിവരം.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ പ്രതികൾ ലിൻസിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണാശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ എസ്.ഐ പി.ഡി. സേവ്യർ, എ.എസ്.ഐ പി.എം. സുനിൽകുമാർ, എസ്.സി.പി.ഒ ഷാനവാസ് ഖാൻ എന്നിവർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു






