കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമർശിച്ച് ഖാര്‍ഗെ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമർശിച്ച് ഖാര്‍ഗെ

ഏലപ്പാറ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിനായി വോട്ട് അഭ്യര്‍ഥിച്ച് നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു.

Slide 1
Slide 2
Slide 3
Slide 4

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച ഖാര്‍ഗെ, പ്രാദേശിക പ്രശ്നങ്ങളും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. തോട്ടം മേഖലയിലെ തേയില കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനക്ഷേമത്തിനായി ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും ഖാര്‍ഗെ അറിയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ജനപിന്തുണയും ഓര്‍മ്മിപ്പിച്ചു.

ഈസ്റ്റര്‍-വിഷു ആശംസകള്‍ നേര്‍ന്ന ഖാര്‍ഗെ, യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വീണ്ടും പീരുമേട്ടിലെത്തുമെന്നും അറിയിച്ചു.

സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്ഷി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, സ്ഥാനാര്‍ഥി സിറിയക് തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് എന്നിവര്‍ പങ്കെടുത്തു.