ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കാമുകി വാങ്ങിനല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുഴല്‍മന്ദം സ്വദേശി അനു സി എം (22), ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24), മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി.ജെ (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ദിവസമാണ് ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജി (21)ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് എറണാകുളത്തുനിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

അനുവും ജിൻസും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. ഈ ബന്ധത്തിനിടയിലാണ് അനു ജിൻസിന് ബൈക്ക് വാങ്ങിനല്‍കിയത്. പിന്നീട് ജിൻസിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് ബൈക്ക് തിരികെ നല്‍കണമെന്ന് അനു ആവശ്യപ്പെട്ടെങ്കിലും ജിൻസ് അത് നല്‍കാന്‍ തയ്യാറായിരുന്നില്ല.

ഇതോടെ ബൈക്കോ അല്ലെങ്കില്‍ 60,000 രൂപയോ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അനുവും സുഹൃത്തുക്കളും ഇടുക്കിയിലെത്തി. സംസാരിക്കാനായി ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാക്കുതർക്കം ഉണ്ടായി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ജിൻസിനെ കുത്തുകയായിരുന്നു.

ഇടത് തോളിലാണ് ജിൻസിന് കുത്തേറ്റത്. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അറസ്റ്റിലായവരും ജിൻസും ഒരുമിച്ച് താമസിക്കുന്നവരും ഒരു സ്പായില്‍ ജോലി ചെയ്യുന്നവരുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ക്ക് നേരത്തെ തന്നെ വിവിധ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.