മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അതിഥിത്തൊഴിലാളികള്‍
ഇടുക്കി: ജില്ലയിലെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ പല മേഖലയിൽ ഉണ്ടായ സംഭവങ്ങള്‍ നാട്ടുകാരിലും വ്യാപാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൂക്കുപാലം ടൗണില്‍ മദ്യലഹരിയിലായിരുന്ന ഒരാള്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇന്നലെയും മദ്യപിച്ച നിലയില്‍ ഒരാള്‍ നടുറോഡില്‍ കിടന്നത് ഗതാഗത തടസ്സത്തിനും ആശങ്കയ്ക്കും ഇടയാക്കി. തൂക്കുപാലം ബിവറേജസ് ഔട്ട്ലെറ്റ് സമീപം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി മാറിയതായി നാട്ടുകാര്‍ പറയുന്നു.
വൈകുന്നേരത്തോടെ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട തൊഴിലാളി റോഡിന്റെ നടുവില്‍ കിടന്നതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ എത്തി ഇയാളെ റോഡരികിലേക്ക് മാറ്റി ഇരുത്തി. ഇതിനിടെ ഇയാള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
കട്ടപ്പനയുടെ അവസ്ഥയും ഒട്ടും മോശമല്ല.ഞായറാഴ്ച ദിവസങ്ങളിൽ ടൗണിൽ അതിഥി തൊഴിലാളികളുടെ അഴിഞ്ഞാട്ടം നിത്യ സംഭവമാണ്.ലഹരിക്ക് അടിമപ്പെട്ട് കട്ടപ്പനയിലെ വ്യാപാരിയുടെ വാഹനത്തിന് അതിഥി തൊഴിലാളി കേടുപാടുകൾ വരുത്തിയതും അടുത്തിടെയാണ്.ബീവറേജസിന് സമീപമുള്ള ഇടങ്ങളിൽ ഇരുന്നു മദ്യപാനം കഴിഞ്ഞുണ്ടാകുന്ന തർക്കവും നിത്യ സംഭവമായി മാറിയിരിക്കുന്നു.
തൊടുപുഴ,ചെറുതോണി,കുമിളി ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ മേഖലകളിലും അവസ്ഥ സമാനമാണ്.
തൂക്കുപാലം കേന്ദ്രീകരിച്ച് സ്ഥിരം പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.നിലവില്‍ ടൗണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നെടുങ്കണ്ടം ഭാഗത്തുനിന്ന് പോലീസെത്തേണ്ട സാഹചര്യമാണുള്ളത്.
അടിയന്തരമായി പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും സ്ഥിരം സൗകര്യം ഒരുക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നും വ്യാപാരികളും പ്രദേശ വാസികളും ആവശ്യപ്പെട്ടു.





