ലഹരി വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി
നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്ന കട ഇടുക്കി പൂപ്പാറയിൽ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഈശ്വരൻ എന്നയാൾ നടത്തിയിരുന്ന കടയാണ് ശാന്തൻപാറ പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെ പൊളിച്ചത്.
കേരളത്തിൽ ആദ്യമായാണ് നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യുന്നതെന്നാണ് പൊലീസ് അറിയിച്ചത്.
സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപ്പന നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈശ്വരനെതിരെ ശാന്തൻപാറ പൊലീസ് അഞ്ച് തവണ കേസെടുത്തിരുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടും കടയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഹർജി കോടതി തള്ളുകയും പൊലീസിന്റെ നടപടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കട പൂർണമായി പൊളിച്ചത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരന്റെ ആരോപണം.
ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും ഇടുക്കി പൊലീസ് മുന്നറിയിപ്പ് നൽകി.
അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവ പൊളിച്ചുനീക്കുമെന്നും നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി വിൽപ്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി.



