ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പ്; ഇടുക്കി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അധികം വൈകാതെ തന്നെ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ ഏലം കർഷക സംഘടനകളുടെ കൂട്ടായ്മയായ കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ, ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സന്ദർശന വേളയിൽ സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദമായ മെമ്മോറാണ്ടവും നിവേദക സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുന്നോടിയായി ജില്ലയിലെ അഞ്ച് എംഎൽഎമാരും പൂഞ്ഞാർ എംഎൽഎയും തിരുവനന്തപുരത്ത് ചേർന്ന് ആലോചനാ യോഗവും നടത്തി.
സുപ്രീംകോടതിയിൽ പരിഗണനയിലുള്ള സി.എച്ച്.ആർ കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കർഷകർക്ക് അനുകൂലമായ വിധി ലഭിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.
നിവേദക സംഘം വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ചു. വനം മന്ത്രി ഷിബു ബേബി ജോണുമായി വിഷയം ചർച്ച ചെയ്യുകയും നിവേദനം കൈമാറുകയും ചെയ്തു.
ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം. ജെ. സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തൻ, ജനറൽ സെക്രട്ടറി പി. ആർ. സന്തോഷ്, ഭാരവാഹികളായ ആർ. മണിക്കുട്ടൻ, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോർജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



