വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ നടപടി റദ്ദാക്കണം: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ നടപടി റദ്ദാക്കണം: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യം യഥേഷ്ടം വിൽക്കാൻ സാഹചര്യമൊരുങ്ങുന്നതോടെ കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പുതിയ മദ്യപാന ശീലത്തിലേക്ക് കടന്നുവരാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

ലഹരിയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന നടപടികളാണ് പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ സ്വാഗതാർഹമാണെന്നും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രൂപത കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സിൽവി ചുനയംമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് എന്നിവർ സംസാരിച്ചു.