പീരുമേട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; വീട് തകർത്തു
പീരുമേട് മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്ലാക്കാത്തടം സ്വദേശി പുത്തൻപുരയ്ക്കൽ ബിജുവിന്റെ വീട് ഇന്നലെ പുലർച്ചെ കാട്ടാന ആക്രമിച്ച് തകർത്തു. വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിന് പുറമെ കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.
പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ ജനവാസ മേഖലയിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.
സംഭവസ്ഥലം പീരുമേട് പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ വനം വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ഭരണസമിതി ആരോപിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും വൈസ് പ്രസിഡന്റ് മനോജ് രാജനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ അനീഷ്, ശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചു.



