ചിന്നക്കനാലിലെ വന്യജീവി ഭീഷണി: പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ ,മന്ത്രി ഷിബു ബേബി ജോൺ
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലുള്ള ആർ.ആർ.ടിക്ക് പുറമേ പൂർണ സജ്ജമായ അധിക ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലയിൽ 18-ലധികം കാട്ടാനകളുണ്ടെന്നും ആനകളുടെ സഞ്ചാരപാതയിൽ വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആനത്താരകൾ തടസ്സപ്പെട്ടതും ചില ഭാഗങ്ങളിൽ കുടിയേറ്റവും സ്വകാര്യ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രായോഗികത പരിശോധിച്ച് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളായ രക്ഷനെയും രക്ഷിണയെയും വനം വകുപ്പ് ഏറ്റെടുത്തു. 18 വയസുവരെ കുട്ടികളുടെ സംരക്ഷണ ചുമതല വനം വകുപ്പ് നിർവഹിക്കും. കുട്ടികൾക്ക് മെന്ററെ നിയമിക്കുകയും മാസം 5000 രൂപ ധനസഹായം നൽകുകയും ചെയ്യും. റേഷൻ, ഭക്ഷ്യവസ്തുക്കൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയും വകുപ്പ് വഹിക്കും.
ഭാവിയിൽ വീട് ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നാറിലെ ബഫർ സോണിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ രക്ഷനും രക്ഷിണയും ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. മന്ത്രി ഇരുവരെയും സന്ദർശിച്ച് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. സൈക്കിളുകളും കൈമാറി.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എഫ്. രാജ എം.എൽ.എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



