മംഗളദേവി : തീർത്ഥാടകരെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു
കുമളി: മംഗളദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തിന്റെ സുരക്ഷിതമായ നടത്തിപ്പിനായി തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കുമളി YMCA ഹാളിൽ നടന്ന പരിപാടിയിൽ പീരുമേട് തഹസിൽദാർ, കുമളി എസ്.എച്ച്.ഒ, കുമളി പഞ്ചായത്ത് പ്രസിഡൻറ്, പീരുമേട് എസ്.ആർ.ടി.ഒയിലെ എം.വി.ഐ എന്നിവർ പങ്കെടുത്തു. ഡ്രൈവർ യൂണിയൻ നേതാക്കളും സന്നിഹിതരായിരുന്നു.
തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി വിവിധ നിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകി. മഹോത്സവദിവസം രാവിലെ കുമളി ബസ് സ്റ്റാൻഡിൽ നിന്ന് തീർത്ഥാടകരെ ക്ഷേത്രത്തിൽ എത്തിക്കുകയും, തിരികെ കുമളിയിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
യാത്ര നിരക്ക് ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആദ്യം പോകുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറക്കിയ ശേഷം തിരികെ കുമളിയിൽ എത്തി മറ്റുള്ളവരെ കയറ്റി പോകണം.
എല്ലാ തീർത്ഥാടകരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു ശേഷമേ ജീപ്പുകൾക്ക് പ്രദേശം വിടാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.


