അഞ്ചുരുളി ഉന്നതി മേഖലയിൽ എൻ.ഡി.എ. സംഘം സന്ദർശനം നടത്തി

അഞ്ചുരുളി ഉന്നതി മേഖലയിൽ എൻ.ഡി.എ. സംഘം സന്ദർശനം നടത്തി

ഇരുപത്തിനാല് കുടുബങ്ങളുടെ വൈദ്യുതി വിശ്ചേദിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എന്‍.ഡി.എ.പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.

പതിനഞ്ച് വര്‍ഷത്തിലധികമായി വൈദ്യുതി ലഭിച്ച ഇരുപത്തിനാലോളം കുടുബങ്ങളുടെ കണക്ഷന്‍ വിശ്ചേദിക്കുവാനാണ് വനംവകുപ്പ് വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷകരെ ഘട്ടംഘട്ടമായി ഈ പ്രദേശത്ത് നിന്നും ഇറക്കി വിടാനുള്ള ഗൂഢ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു.

ജിയോമാപ്പിംഗും ഡിജിറ്റല്‍ സര്‍വ്വേയും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച സ്ഥലത്തിന് പുറത്തുള്ള കൃഷി ഭൂമിയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമിക്കുന്നത്.

ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റുവാന്‍ ഇടത് വലത് മുന്നണികള്‍ കാലങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ PMAY പദ്ധതി പ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.ഉന്നതി മേഖലയിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന നലപാടാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

അഞ്ചുരുളി ഉന്നതി പ്രദേശത്തെ ജനങ്ങളുടെ ഭൂപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എന്‍.ഡി.എ.നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.

ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ്‌ പ്രഭയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സംഘത്തില്‍ ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി കെ.എന്‍.ഷാജി , ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.എന്‍.മോഹന്‍ദാസ് , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി , പി.എസ്.രതീഷ് ,സുമോദ് തങ്കപ്പന്‍ , പി.ജി.ഉത്തമന്‍ ,ജിജികുമാര്‍, എ.പി.രാജേന്ദ്രന്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.