ഹോട്ടൽ പണിമുടക്ക് : ജില്ലയിൽ പൂർണം
അന്യായമായ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയിൽ ഭക്ഷണ ഉൽപാദന-വിതരണ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു.
തൊടുപുഴയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നിൽ ധർണയായും ഉപരോധമായും മാറി. ജില്ലാ പ്രസിഡന്റ് ജയൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഷാജി, ഗിരീഷ് കുമാർ, സാജു ജോസഫ്, പി.എം. ജോൺ, മായ സുനിൽ, സി.പി.കെ. മോഹനൻ, മാത്യു പൂവേലിൽ, കെ.കെ. തോമസ്, സരിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മൂന്നാറിൽ വിനോദസഞ്ചാരികൾ വലഞ്ഞു
ഹോട്ടൽ സമരം മൂലം മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ വലിയ പ്രതിസന്ധിയിലായി. സമര വിവരം അറിയാതെ എത്തിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളായിരുന്നു കൂടുതൽ ദുരിതമനുഭവിച്ചത്. ചെറുകിട ഹോട്ടലുകളും ബേക്കറികളും അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതെ പലരും ബുദ്ധിമുട്ടി.
കുടിവെള്ളവും ബണ്ണും പോലുള്ള ലഘുഭക്ഷണങ്ങളാണ് പലരുടെയും ആശ്രയമായത്. കുട്ടികളും പ്രായമായവരും രോഗികളുമടങ്ങുന്ന കുടുംബങ്ങൾ ഏറെ പ്രയാസത്തിലായി. എന്നാൽ വലിയ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്ക് ഭക്ഷണം ലഭിച്ചു.
ഹൈറേഞ്ചിലും ഭക്ഷണ പ്രതിസന്ധി
കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ഹോട്ടലുകൾ പൂർണമായി അടഞ്ഞു. വാഗമൺ, തേക്കടി, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. പലരും പഴങ്ങളും ബേക്കറി സാധനങ്ങളും കഴിച്ചാണ് വിശപ്പടക്കിയത്.
ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും നിലച്ചതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും പ്രതിസന്ധിയിലായി. ഒറ്റപ്പെട്ട ചില വീടുകളിലെ ഭക്ഷണ കേന്ദ്രങ്ങളായിരുന്നു പലർക്കും ആശ്വാസമായത്.
സഞ്ചാരികളെ ബുദ്ധിമുട്ടിക്കാനല്ല, ഹോട്ടൽ മേഖലയിലെ നിലനിൽപ്പിനായാണ് സമരമെന്നു സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.


