വനംവകുപ്പിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ല; ഭൂപ്രശ്ന പരിഹാരത്തിന് മുൻഗണന: റോയ് കെ. പൗലോസ്
ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് റോയി കെ പൗലോസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനംവകുപ്പിന്റെ അഴിഞ്ഞാട്ടം ഇനി ജില്ലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രമാണിമാരെപ്പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. വനഭൂമിക്ക് ജണ്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് സാധാരണക്കാരുടെ പട്ടയഭൂമി കൈക്കലാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, പട്ടയഭൂമിയില്‍ ഇടപെടാൻ വനംവകുപ്പിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മീനുളിയാൻപാറ, പാല്‍ക്കുളമേട്, അഞ്ചുരുളി എന്നിവ അധികാരം ഉപയോഗിച്ച് വനംവകുപ്പ് പിടിച്ചെടുത്തുവെന്നും, പൊതുജന പ്രവേശനം തടയാൻ ട്രഞ്ചുകള്‍ കുഴിക്കുകയും കാഞ്ചിയാറില്‍ 40 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തതും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് അറുതി വരുത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയാണുള്ളതെന്നും, ജില്ലയില്‍ ഏകദേശം അമ്പതിനായിരത്തോളം പേർ പട്ടയത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും മുൻ സർക്കാർ കൊണ്ടുവന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയില്‍ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് റോയ് കെ. പൗലോസ് പ്രതികരിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് താൻ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


