സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്

സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്

ഹൈന്ദവ സമുദായ നേതാക്കളെ തെരുവിലിറങ്ങി അപമാനിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. അധികാരം ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ചിലർ സമുദായ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.

വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ എന്നിവർ കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണെന്നും, സ്വന്തം സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

സമുദായ നേതാക്കളെ അപമാനിക്കുന്നവർ തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമ്പോൾ ഇരവാദം ഉയർത്തരുതെന്നും ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇടത്-വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണെന്നും അവർ ആരോപിച്ചു.

നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ യു.ഡി.എഫിനുള്ളിൽ കടന്നുകയറിയിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുവെന്നും, ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.

കട്ടപ്പനയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പാർഥേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ.യു., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ശ്രീരാജ് പി.പി., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സുബീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു.