ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?

ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കി ജില്ല വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിധി നിർണയം നടത്തിയതെന്നാണ് പൊതുവായ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെത്തിയ വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രിയായതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.

ജില്ലയിൽ വർഷങ്ങളായി തുടരുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം തടഞ്ഞതോടെ സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നാണ് ആരോപണം. 2016 വരെ നിയമാനുസൃതമായി അനുവദിച്ചിരുന്ന കെട്ടിട നിർമാണങ്ങൾ പിന്നീട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.

കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനവാസ മേഖലകളുടെ വികസനം തടസ്സപ്പെട്ടുവെന്നാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.

കുടിയേറ്റക്കാരെയും ഭൂകയ്യേറ്റക്കാരെയും ഒരേ രീതിയിൽ കാണരുതെന്നും യഥാർത്ഥ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല ഭൂകയ്യേറ്റങ്ങളും നടന്നതെന്നും അതിന്റെ ബാധ്യത സാധാരണ കർഷകരുടെ മേൽ ചുമത്തരുതെന്നും വിമർശനം ഉയരുന്നു. സർക്കാർ ഭൂമികളുടെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യമാണ്.

കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം ശക്തമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉപയോഗം നിയമപരമാക്കണമെന്നും ഇതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കാമെന്നുമാണ് അഭിപ്രായം.

2023ലെ ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വർഷങ്ങളായി സർക്കാർ അനുമതിയോടെയും നികുതി അടച്ചും നടത്തിയ നിർമാണങ്ങളെ പിന്നീട് കുറ്റകരമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് വിമർശനം. ഫീസ് അടച്ച് മാപ്പ് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിയിടുന്നതായും ആരോപണമുണ്ട്.

സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വ്യക്തത വേണമെന്ന ആവശ്യം ശക്തമാണ്. രാജവിളംബരങ്ങളുടെ പേരിൽ മുഴുവൻ പ്രദേശങ്ങളെയും വനഭൂമിയായി കാണുന്നത് യുക്തിരഹിതമാണെന്നും നിരവധി മേഖലകളിൽ സർക്കാർ തന്നെ പതിവുകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വനഭൂമിയിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫീൽഡ് കമ്മിറ്റികളെ നിയോഗിച്ചതും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

ഭൂപതിവ് ചട്ടത്തിലെ “എൻക്രോച്ച്മെന്റ്” എന്ന സാങ്കേതിക പദത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് നിരവധി കേസുകൾ ഉയർന്നതെന്നും സർക്കാർ യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. 1971 വരെ കൈവശം വച്ച ഭൂമികൾക്ക് പട്ടയം നൽകാനായുള്ള നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നുവെന്നും അത് സർക്കാർ ശക്തമായി കോടതിയിൽ വിശദീകരിക്കണമെന്നുമാണ് ആവശ്യം.

വന്യജീവി ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടും ജനങ്ങൾ ശക്തമായ നടപടി ആവശ്യപ്പെടുന്നു. വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത് തടയാൻ കേന്ദ്ര നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം വേണമെന്നും ആവശ്യമുയരുന്നു. വനത്തിനുള്ളിലെ ജലക്ഷാമവും ശത്രുസസ്യങ്ങളുടെ വ്യാപനവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന പഠനങ്ങൾ ഉണ്ടായിട്ടും അവ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കിയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.