ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ

ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ

കട്ടപ്പന: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്കായി ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നതും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.

മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പരിഗണിച്ചതായും, ഏപ്രിൽ 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ച അപേക്ഷകന് ഗ്രൗണ്ട് അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. വാടകയും ജി.എസ്.ടി-യും കൂടാതെ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും പ്രവേശന ടിക്കറ്റിൽ 10 ശതമാനം വിനോദ നികുതിയും ഈടാക്കുന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അപേക്ഷകൻ 35 ദിവസത്തേക്കുള്ള വാടക, ജി.എസ്.ടി, ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് കരാർ ഒപ്പുവെച്ചതായും തുടർന്ന് ‘ഫെസ്റ്റ്’ എന്ന പേരിൽ പരിപാടിക്ക് പ്രചാരണം നൽകിയതായും ചെയർമാൻ പറഞ്ഞു. മെയ് 8-ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും അവധി സമയമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പരിപാടി ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞ് ‘ഫെസ്റ്റ്’ എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടായെന്നാരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ‘ഫെസ്റ്റ്’ എന്ന പേര് കട്ടപ്പനയിലെ വിനോദമേളകൾക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും അതുമായി നഗരസഭയ്ക്ക് ബന്ധമില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായി ചെയർമാൻ പറഞ്ഞു.

2019-ലെ ഫെസ്റ്റിലൂടെ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും, 2023-ൽ ആറു ലക്ഷം രൂപയും, 2024-ൽ എട്ട് ലക്ഷം രൂപയും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫെസ്റ്റിൽ അഡ്വാൻസായി നാല് ലക്ഷം രൂപ ലഭിച്ചതായും നികുതിയിനത്തിൽ ഇതിനകം രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടി രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോൾ ഈ വർഷവും എട്ട് ലക്ഷം രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

2024-ൽ ‘ടണൽ എക്സ്പോ’ എന്ന പേരിൽ നടന്ന മത്സ്യപ്രദർശനത്തിനായി രണ്ട് ഏജൻസികൾ മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപയ്ക്കാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും എന്നാൽ ആ പരിപാടി സാമ്പത്തിക ബാധ്യതയോടെയാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും ആദ്യം അപേക്ഷ സമർപ്പിച്ചയാൾക്ക് ഗ്രൗണ്ട് അനുവദിച്ചതിന് ശേഷം അതേ സമയത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ സാധിക്കാത്തതിനാലാണ് പിന്നീട് ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.

ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും, വിഷയത്തിൽ വസ്തുതകൾ ജനങ്ങൾക്ക് വ്യക്തമാകേണ്ടതിനാൽ അന്വേഷണത്തെ നഗരസഭ എതിർക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.