രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം

രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം

രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.

പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ നായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം. യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു, സബ് ഇൻസ്പെക്ടർ എം. എസ്. അഭിജിത്, വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ബസുകൾക്ക് പുതിയ ക്രമീകരണം

ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടിമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനകീയ ഹോട്ടലിന് സമീപവും കേജീസ് ജൂവലറിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.

ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ വെള്ളത്തൂവൽ വഴി അടിമാലിയിലേക്ക് പോകുന്നവ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നും, കുഞ്ചിത്തണ്ണി വഴി പോകുന്നവ എൻഎസ്എസ് കെട്ടിടത്തിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നുമാകും യാത്രക്കാരെ കയറ്റുക.

രാജകുമാരി–മാങ്ങാത്തൊട്ടി ഭാഗത്തുനിന്നുള്ള ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തെ സ്റ്റോപ്പിലും, കുത്തുങ്കൽ, കുഞ്ചിത്തണ്ണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കേജീസ് ജൂവലറിയ്ക്ക് മുൻവശത്തെ സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.

എല്ലാ ബസുകളും നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നും ബസ് സ്റ്റോപ്പുകളിൽ മൂന്ന് മിനിറ്റിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.

പാർക്കിംഗ് നിയന്ത്രണങ്ങളും ഏകദിശ ക്രമീകരണവും

ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിൽ നിന്ന് രാജാക്കാട്–പൂപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.

രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ്, മാങ്ങാത്തൊട്ടി റോഡിലെ കനകക്കുന്ന് ജംഗ്ഷൻ വരെ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റോഫീസിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് വരെ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിലൊന്നിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.