ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന

കട്ടപ്പന നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ നഗരം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്. ഇതോടെ കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്.

ശോച്യാവസ്ഥയിലായിരുന്ന നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായിട്ടില്ല. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്.

സ്കൂൾ തുറക്കലും വിപണികളുടെ സജീവതയും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്കൂളുകൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സ്കൂൾ വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

ബോധവത്കരണം ശക്തമാക്കണം

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണവും നൽകേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണ്

ബൈപ്പാസികളുടെ അഭാവം

കട്ടപ്പന നഗരത്തിൽ ബൈപാടുകളുടെ കുറവും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.

അനധികൃത പാർക്കിങ്

വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് കട്ടപ്പന നേരിടുന്ന അടുത്ത വലിയ പ്രശ്നം.വീതി കുറഞ്ഞ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാക്കാൻ സാധിക്കും