മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ചു; 20-ലധികം ഷെഡുകള്‍ പൊളിച്ചുനീക്കി
മൂന്നാറിലെ എം.ജി. കോളനി നഗറിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചിരുന്ന 20-ലധികം ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നടപടി സ്വീകരിച്ചത്.
2024-ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ലക്ഷം നഗറിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏഴോളം കുടുംബങ്ങള്‍ എം.ജി. നഗറിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ സ്ഥാപിച്ച് താമസം ആരംഭിച്ചു. ഈ ഷെഡുകള്‍ നേരത്തെ റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു.
ഷെഡുകള്‍ പൊളിച്ചുനീക്കിയതിനെതിരെ വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുന്നില്‍ ഏഴ് കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തുകയും തുടര്‍ന്ന് കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വീണ്ടും ഷെഡുകള്‍ സ്ഥാപിച്ചു.
തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടില്ലാത്തവരും വീടുള്ളവരുമായ നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ നിര്‍മിച്ചതോടെ സ്ഥിതി സങ്കീര്‍ണമാവുകയായിരുന്നു. ഇതോടെയാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം വീണ്ടും സ്ഥലത്തെത്തി കൈയേറ്റ നിര്‍മിതികള്‍ നീക്കം ചെയ്തത്.
അതേസമയം, വര്‍ഷങ്ങളായി വാടകവീടുകളിലാണ് താമസിക്കുന്നതെന്നും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാലാണ് ഷെഡുകള്‍ നിര്‍മിച്ചതെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നു.
കോടതി ഉത്തരവ് നേടിയ ഏഴ് കുടുംബങ്ങളുടെ ഷെഡുകള്‍ ഒഴികെ ബാക്കിയുള്ളവയാണ് റവന്യൂ സംഘം പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തുന്നവര്‍ക്കും അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.


