പാചക വാതക വിലവർധന : മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടുക്കി ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ധർണ ഉദ്ഘാടനം ചെയ്തു. വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടുകയും ചെയ്ത നടപടി വീട്ടമ്മമാരുടെയും സാധാരണക്കാരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ടിൽ, ഇടുക്കി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് പണിക്കർ, പഞ്ചായത്തംഗം ബിജു ദാനിയേൽ, പി.പി. റഹിം, മഹിളാ കോൺഗ്രസ് ഭാരവാഹികളായ മണിമേഖല, ഷൈലജ ഹൈദ്രോസ്, സാലമ്മ ജേക്കബ്, ലൗലി ഈശോ, പീരുമേട് ബ്ലോക്ക് പ്രസിഡന്റ് ആൻസി ജെയിംസ്, നോബിള്‍ ഷിബു, പ്രിയങ്ക മഹേഷ്, തമിഴ് മൊഴി, റോൺസി വർഗീസ്, ബീന സജി എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു സംസാരിച്ചു.


