ഓപ്പറേഷൻ തുഫാൻ: കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ: കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കുമളി: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ മയക്കുമരുന്ന് വിരുദ്ധ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ചെറിയ അളവിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് വിതരണ ശൃംഖല കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്ന പ്രതികളെ കൊല്ലംപട്ടട മേഖലയിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ., കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ്, അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.

അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് സ്റ്റേഷനിൽ ഇതിനോടകം അഞ്ച് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

അതേസമയം, ഇടുക്കി ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഹോസ്റ്റലിന് പിന്നിലെ പ്രദേശത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.

സംഭവത്തിൽ ഇടുക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.