പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച നായയെ വെടിവച്ചു കൊന്നു

പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച നായയെ വെടിവച്ചു കൊന്നു

പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച അക്രമകാരിയായ നായയെ പീരുമേട് പഞ്ചായത്ത് പ്രത്യേക ഷൂട്ടറുടെ സഹായത്തോടെ വെടിവച്ച് കൊന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് നായയെ വെടിവെച്ചത്.

കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി പാമ്പനാർ, റാണിക്കോവിൽ, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയ നായ ഏകദേശം 12 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ച ശേഷമാണ് കല്ലാറിലെ പുതുവലിൽ ഒരു വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് അംഗങ്ങളായ പവിത്ര, നെഷിദ് സുലൈമാൻ, ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് നായയെ പിടികൂടാനായത്.

അക്രമകാരിയായ നായ നാട്ടുകാരെ കൂടാതെ നിരവധി വളർത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കടിച്ചിരുന്നു. തിരുവല്ലയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, പാമ്പനാർ, കല്ലാർ, പീരുമേട്, പഴയ പാമ്പനാർ, റാണിക്കോവിൽ, കരടിക്കുഴി, അമ്പത്തിയഞ്ചാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും റോഡിലിറങ്ങാൻ പോലും ഭയമാണെന്നും മറ്റ് നായ്ക്കൾക്കും പേവിഷബാധ ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.