കന്നുകാലി ക്ഷാമം: അടഞ്ഞുകിടന്ന ഇറച്ചിക്കടകള്‍ തുറക്കാൻ തീരുമാനം
കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം
കന്നുകാലികളുടെ ലഭ്യതയില്‍ ഉണ്ടായ ഗുരുതര പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം.
ജൂണ്‍ 12 മുതല്‍ കന്നുകാലികളുടെ ലഭ്യത പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് ചില ജില്ലകളിലും നിരവധി കടകള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.
മഹാരാഷ്ട്ര, തെലങ്കാന, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കന്നുകാലികളുമായി എത്തുന്ന വാഹനങ്ങള്‍ ചില സംഘടനകളും പോലീസും തടയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇതുമൂലം വളരെ പരിമിതമായ തോതില്‍ മാത്രമാണ് കേരളത്തിലേക്ക് കന്നുകാലികള്‍ എത്തുന്നത്.
ഇറച്ചി വ്യാപാര മേഖലയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായി ഇറച്ചിക്കടകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് വ്യാപാര സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. കന്നുകാലികളുടെ ലഭ്യത സാധാരണ നിലയിലാകുന്നതുവരെ മേഖലയിലെ പ്രതിസന്ധി തുടരുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവച്ചു.



