കട്ടപ്പനയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു; ഗതാഗത പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിക്കും

ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം

കട്ടപ്പനയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു; ഗതാഗത പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിക്കും

പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വാഹന-കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം. ഉടൻ നടപ്പാക്കാൻ കഴിയുന്ന നടപടികൾ, കുറച്ച് കാലതാമസം ആവശ്യമായ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചന ബോർഡുകളും സ്ഥാപിക്കുക, നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ നടപടികൾ നടപ്പാക്കും.

ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബൈപാസ് റോഡുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി. നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങൾക്ക് ബദൽ മാർഗങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്.

റോഡുകളിലെ അനധികൃത പാർക്കിങ്, കാൽനട യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും യോഗം വിശദമായി വിലയിരുത്തി.

പൊതുജനാഭിപ്രായം തേടി പ്രത്യേക യോഗങ്ങൾ

യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് വ്യാപാരികളുടെ അഭിപ്രായങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും ശേഖരിക്കുന്നതിനായി മർച്ചന്റ്സ് അസോസിയേഷൻ, വിവിധ ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേക യോഗങ്ങൾ വിളിച്ചുചേരാനും തീരുമാനമായി.

എല്ലാവരുടെയും സഹകരണത്തോടെ കട്ടപ്പനയിലെ ട്രാഫിക് സംവിധാനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി.

അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് അജ്മൽ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അനുമോൾ ആഗസ്തി, കട്ടപ്പന വില്ലേജ് ഓഫീസർ ജോർജ് ജോസഫ്, കട്ടപ്പന ട്രാഫിക് എസ്.ഐ പി.കെ. വിനോദ്, കട്ടപ്പന എസ്.ഐ എസ്. ആദർശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.