വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

ഇടുക്കി : വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണക്കേസിൽ രണ്ട് ജീപ്പ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച തൃശൂരിൽ നിന്ന് 27 പേരടങ്ങുന്ന സംഘം ഓഫ്-റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയിരുന്നു. സത്രത്തിന് സമീപമുള്ള ഒരു വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ്-റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായി രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.

തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയ ശേഷം വിനോദസഞ്ചാരികൾ താമസസ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് വിനോദസഞ്ചാരികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. റിസോർട്ട് അധികൃതർ ഇതിന് തയ്യാറാകാതിരുന്നതോടെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

മർദനത്തിൽ തൃശൂർ സ്വദേശി അനീഷിന്റെ ഇടത് കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന് കാലിന് പരിക്കേറ്റു. ആക്രമണത്തിനിടെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും തകർത്തതായി പരാതിയുണ്ട്.