ഇടുക്കിയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ഇടുക്കിയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

കാലവർഷം ശക്തമായതോടെ ഇടുക്കി ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്നു. ഹൈറേഞ്ച്, ലോറേഞ്ച് മേഖലകളിലാകെ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ 4,506-ലധികം പേർക്ക് വൈറൽ പനി ബാധിച്ചിട്ടുണ്ട്.

അടുത്തിടെ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വൈറൽ പനിക്കൊപ്പം മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ജൂൺ മാസത്തിൽ ഇതുവരെ 16 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇൻഫ്ലുവൻസ എ വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. 691 പേർക്ക് വയറിളക്ക രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവ സർക്കാർ ആശുപത്രികളിൽ രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

ജില്ലയിലെ സർക്കാർ ആശുപത്രികൾ ഭൂരിഭാഗവും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ തന്നെ ഒ.പി. വിഭാഗങ്ങളിൽ നീണ്ട നിരകളാണ് അനുഭവപ്പെടുന്നത്. പരിശോധനകൾ, ലാബ് ടെസ്റ്റുകൾ, മരുന്ന് വിതരണം എന്നിവയ്ക്കായി രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. അസുഖബാധിതരായിട്ടും ചികിത്സ ലഭിക്കാൻ നീണ്ട സമയം ചെലവഴിക്കേണ്ടിവരുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ്.

Slide 1
Slide 2
Slide 3
Slide 4

സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് കൂടുതൽ പേർ ചികിത്സ തേടിയെത്തുന്നത്. മിക്ക സർക്കാർ ആശുപത്രികളിലും രാത്രികാല സേവനം പരിമിതമായതിനാൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. അതേസമയം സായാഹ്ന ഒ.പി. സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകുന്നുണ്ട്.

Slide 1
Slide 2
Slide 3
Slide 4

ദിവസേന അനുവദനീയമായതിലും കൂടുതൽ രോഗികൾ ചികിത്സയ്ക്കും പരിശോധനകൾക്കുമായി എത്തുന്നതോടെ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും വലിയ സമ്മർദം നേരിടുകയാണ്. കാലവർഷകാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

Slide 1
Slide 2
Slide 3
Slide 4