ശബരി റെയിൽവേ: സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണം; ചീഫ് വിപ്പിന് നിവേദനം
ശബരി റെയിൽവേ പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളുടെ പ്രതിനിധി സംഘം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫിന് നിവേദനം നൽകി.
പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ സംഘം എം.എൽ.എയെ ധരിപ്പിച്ചു. 28 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച ഭൂമികൾ വിൽക്കാനോ, ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ ചൂണ്ടിക്കാട്ടി.
ശബരി റെയിൽവേ നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, തുടർനടപടികളുടെ ഭാഗമായി സ്ഥലമെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനോ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനായുള്ള ഫയൽ നിലവിൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.
നാടിന്റെ ഗതാഗത വികസനത്തിനായി സ്വന്തം ഭൂമി വിട്ടുനൽകാൻ തയ്യാറായവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകണമെന്നും ചീഫ് വിപ്പിനോട് സ്ഥലമുടമകൾ ആവശ്യപ്പെട്ടു.
ശബരി റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ റെയിൽവേ, റവന്യൂ വകുപ്പുകളെയും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെയും ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറെ (Special Officer) നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിവേദക സംഘം അഭ്യർഥിച്ചു.
യു.എൻ. പ്രകാശ്, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാർ മാടത്താനിയിൽ, സണ്ണി തേക്കിലക്കാട്ടിൽ, ബെൻസൺ ഈറ്റക്കുന്നേൽ, സി.ജെ. കുര്യൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.





