അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിതർ പട്ടിണി സമരത്തിലേക്ക്
അടിമാലി : ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തുന്ന രാപ്പകൽ സമരം ഒരു മാസം പിന്നിട്ടതോടെ സമരരീതി മാറ്റി സമരസമിതി. പുനരധിവാസം സംബന്ധിച്ച് അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ ഇന്നലെ മുതൽ പട്ടിണി സമരം ആരംഭിച്ചു.
മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും പുനരധിവാസവുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനമോ വിവരമോ ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. രാപ്പകൽ സമരം ഒരു മാസം പിന്നിട്ടിട്ടും ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രമാണെന്നും അവർ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1.70 കോടി രൂപ അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിഷയം പരിഗണിക്കാത്തതോടെയാണ് സമരസമിതി പട്ടിണി സമരത്തിലേക്ക് കടന്നത്.
ഒന്നര വയസുകാരി മുസ്ഫിറ മുതൽ 80 വയസ്സുള്ള കാസിം വരെ സമരമുഖത്തുണ്ട്. വയോജനങ്ങളായ നബീസ, നവാസ്, സെലിന എന്നിവരും പുനരധിവാസമെന്ന ഏക ആവശ്യവുമായി സമരത്തിൽ പങ്കെടുക്കുന്നു. ഗർഭിണിയായ യുവതിയും സമരരംഗത്തുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടുന്നു.
അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കേണ്ട ജില്ലാ ഭരണകൂടം തങ്ങളെ അവഗണിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. അധികൃതർ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരനേതാക്കൾ അറിയിച്ചു.
ഭാഗികമായി നാശനഷ്ടമുണ്ടായതിനാൽ റെഡ് സോണിൽ ഉൾപ്പെടുത്തി മാറ്റിത്താമസിപ്പിച്ച 17 കുടുംബങ്ങളാണ് നിലവിൽ സമരരംഗത്തുള്ളത്. പൂർണമായി വീട് നഷ്ടമായ ഒമ്പത് കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതേ നഷ്ടപരിഹാരവും പുനരധിവാസ സഹായവുമാണ് സമരത്തിലുള്ള 17 കുടുംബങ്ങളും ആവശ്യപ്പെടുന്നത്.




