കേരളത്തിന് എന്തുപറ്റി? കുഞ്ഞുങ്ങൾ ജനിക്കുന്നത് കുത്തനെ കുറയുന്നു! തകർന്ന് തരിപ്പണമായി ജനനനിരക്ക്; ഞെട്ടിക്കുന്ന റിപ്പോർട്ട്.

കോട്ടയം ബ്യൂറോ

കേരളത്തിന് എന്തുപറ്റി? കുഞ്ഞുങ്ങൾ ജനിക്കുന്നത് കുത്തനെ കുറയുന്നു! തകർന്ന് തരിപ്പണമായി ജനനനിരക്ക്; ഞെട്ടിക്കുന്ന റിപ്പോർട്ട്.

തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് വൻ ജനസംഖ്യാ ദുരന്തമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ജനനനിരക്ക് ഇതുവരെ കാണാത്ത വിധം കുത്തനെ താഴേക്ക് പതിക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട 2024-ലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളത്തെ അമ്പരപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.

Slide 1
Slide 2
Slide 3
Slide 4

​കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2023-ലെ 1.35-ൽ നിന്ന് 1.19 ആയി കുത്തനെ കുറഞ്ഞു. സാധാരണ നിലയിൽ ജനസംഖ്യ നിരക്ക് താഴേക്ക് പോകാതിരിക്കണമെങ്കിൽ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ ഉണ്ടാകണമെന്നിരിക്കെയാണ് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. 2023-ൽ 3.93 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ച സ്ഥാനത്ത് 2024-ൽ രജിസ്റ്റർ ചെയ്തത് 3.44 ലക്ഷം ജനനങ്ങൾ മാത്രമാണ്. അതായത് വെറും ഒരൊറ്റ വർഷം കൊണ്ട് അരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിലാണ് വലിയ കുറവുണ്ടായിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

​കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ജനനനിരക്ക് പത്തിന് താഴെയെത്തി എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. നിലവിൽ 1000 പേർക്ക് 9.64 ആണ് ജനനനിരക്ക്. അതേസമയം, ജനനനിരക്ക് കുറയുമ്പോൾ സംസ്ഥാനത്ത് മരണനിരക്ക് കുത്തനെ ഉയരുകയാണ്. 2020-ൽ 7.17 ആയിരുന്ന മരണനിരക്ക് 2024-ൽ 8.77 ആയി വർധിച്ചു. കഴിഞ്ഞ വർഷം മാത്രം 3.14 ലക്ഷം മരണങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ജനനനിരക്ക് മലപ്പുറത്തും (15.16) ഏറ്റവും കുറവ് ആലപ്പുഴയിലുമാണ് (5.28). എന്നാൽ മരണനിരക്കിൽ കോട്ടയമാണ് മുന്നിൽ നിൽക്കുന്നത് (12.39).ഇതാണ് കേരളത്തിന്റെ പുതിയ യാഥാർത്ഥ്യമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ചെയർപേഴ്സൺ ഡോ. എസ്. ഇരുദയ രാജൻ വ്യക്തമാക്കുന്നു. വൈകിയുള്ള ജനനങ്ങൾ, കുട്ടി വേണ്ടെന്നോ ഒരു കുട്ടി മതിയെന്നോ ഉള്ള ദമ്പതികളുടെ തീരുമാനം, ജീവിതശൈലി പ്രശ്നങ്ങൾ മൂലമുള്ള വന്ധ്യത, യുവാക്കളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം എന്നിവയാണ് ഈ വൻ ഇടിവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വരുംവർഷങ്ങളിലും ഈ കുറവ് തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.