ഇരട്ട സ്വർണ ജേതാവ് സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ പഞ്ചായത്തിന്റെ പൗരസ്വീകരണം
ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകൾ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി.
ചൈനയിൽ നടന്ന ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച സാന്ദ്രാമോൾ, 4×400 മീറ്റർ മിക്സഡ് റിലേയിലും 4×400 മീറ്റർ വനിതാ റിലേയിലും സ്വർണ മെഡലുകൾ കരസ്ഥമാക്കി രാജ്യത്തിന് അഭിമാന നേട്ടമാണ് സമ്മാനിച്ചത്.
സ്വീകരണ സമ്മേളനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സാന്ദ്രാമോളിന് കൈമാറി.
നരിയമ്പാറ സ്വർണവിലാസം സ്വദേശിയായ സാന്ദ്രാമോൾ സാബു, ഇന്ത്യക്കായി വിവിധ അന്തർദേശീയ കായികമത്സരങ്ങളിൽ ഇതിനുമുമ്പും നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ, കോഴിമല രാജാവ് രാമൻ രാജമന്നാൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മാത്യു ജോർജ്, ജോർജ് ജോസഫ് പടവൻ, വി.ആർ. ശശി, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ബെന്നി പറപ്പള്ളി, അഭിലാഷ് മാത്യു, ജോസ് മാമ്മൂട്ടിൽ, ബാബു അഞ്ചാനി തുടങ്ങിയവർ പങ്കെടുത്തു.




